സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം; റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം
സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം; റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം

സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം; റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം


തിരുവനന്തപുരം/കൊച്ചി/കൊഴിക്കോട്: വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത മോട്ടോര്‍വാഹന പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ കൂടി സമരം പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി. ചിലയിടങ്ങളില്‍ ഓട്ടോകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ തിരുവനന്തപുരത്ത് ആര്‍.സി.സി ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് അത്യാവശ്യ ചികിത്സക്കെത്തിയവര്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സി ബസുകളെ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം നഗരത്തിലും തെക്കന്‍ ജില്ലകളിലും ജനജീവിതം സ്തംഭിച്ച നിലയിലാണ്. ട്രെയിനുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ രോഗികള്‍ക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി തന്നെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. 

കൊച്ചിയില്‍ മെട്രോ മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. സ്വകാര്യ ബസുകളില്ലാത്തപ്പോള്‍ കെ.എസ്.ആര്‍.ടി.സി രക്ഷയാകുന്ന ഐ.ടി നഗരത്തില്‍ സ്വകാര്യ വാഹനങ്ങളെയാണ് അത്യാവശ്യ യാത്രക്കാര്‍ ആശ്രയിക്കുന്നത്. 

കോഴിക്കോട് നഗരത്തിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. മലബാര്‍ മേഖലയില്‍ ഇരു ചക്രവാഹനങ്ങളും ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകളും മാത്രമാണ് റോഡിലിറങ്ങിയത്. 

ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. Please publish modules in offcanvas position.