കുട്ടികൾ നാളെമുതൽ സ്കൂളിലേക്ക്
കുട്ടികൾ നാളെമുതൽ സ്കൂളിലേക്ക്

കുട്ടികൾ നാളെമുതൽ സ്കൂളിലേക്ക്


മിക്ക ജില്ലകളിലും ബുധനാഴ്ച ക്ലാസ് തുടങ്ങും ആലപ്പുഴയിൽ 482 സ്കൂളുകൾ തുറക്കും


 കോഴിക്കോട്: പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകളിൽ ബുധനാഴ്ച ക്ലാസുകൾ തുടങ്ങും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും എല്ലാ സ്കൂളുകളും ബുധനാഴ്ചതന്നെ തുറക്കും. കെട്ടിടം തകർന്നതും ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമായ സ്കൂളുകളിൽ ക്ലാസുകൾക്ക് ബദൽ സംവിധാനമൊരുക്കും. ആലപ്പുഴയിൽ 482 സ്കൂളുകൾ തുറക്കും. മറ്റിടങ്ങളിൽ പലതിലും വെള്ളം കയറിയ നിലയിലാണ്. കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിലവിൽ പ്രശ്നങ്ങളില്ല. ബുധനാഴ്ചതന്നെ ക്ലാസുകൾ തുടങ്ങും. കുട്ടികളെത്തിയാൽ പാഠപുസ്തകത്തിനും യൂണിഫോമിനുമുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കും. ഒരാഴ്ചയ്ക്കകം ഇവ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ചിലയിടങ്ങളിൽ വെള്ളം കയറി ബസുകൾ കേടായതിനാൽ ബസ് സേവനത്തിന് താമസമുണ്ടായേക്കും. ചില ജില്ലകളിൽ കുട്ടികൾ ക്യാമ്പുകളിലുണ്ട്. ഇവർ ആദ്യ ദിവസങ്ങളിൽ ക്ലാസുകളിലെത്തുമോ എന്നതിൽ വ്യക്തതയില്ല. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അന്തേവാസികളെ അതത് പ്രദേശങ്ങളിലെ കമ്യൂണിറ്റി ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റും. എറണാകുളം ബുധനാഴ്ച സ്കൂളുകൾ തുറക്കും. ദുരിതാശ്വാസ ക്യാമ്പുകളായിരുന്ന 230 സർക്കാർ സ്കൂളുകളിൽ 117 എണ്ണത്തിന്റെ ശുചീകരണം പൂർത്തിയായി. ചില സ്കൂളുകളിൽ വൈദ്യുതി, വെള്ളം എന്നിവയ്ക്ക് പ്രശ്നങ്ങളുണ്ട്. രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ ഇതു പരിഹരിക്കും. ഉച്ചഭക്ഷണത്തിനും ക്രമീകരണമൊരുക്കുന്നുണ്ട്. തൃശ്ശൂർ പ്രളയബാധിത മേഖലകളിലെ ചില സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. കുടിവെള്ള സംവിധാനവും ശൗചാലയങ്ങളും കംപ്യൂട്ടറുകളും വെള്ളം കയറി നശിച്ചു. കെട്ടിടങ്ങൾക്കും കേടുപാടുണ്ട്. നാലു സ്കൂളുകൾ പുതുക്കിപ്പണിയണം. താഴെ നിലയിൽ വെള്ളം കയറിയ സ്കൂളുകളിൽ മുകൾ നിലയിൽ ക്ലാസുകൾ ഒരുക്കാനാണ് ശ്രമം. ആലപ്പുഴ ആകെയുള്ള 771 സ്കൂളുകളിൽ 482 എണ്ണം ബുധനാഴ്ച തുറക്കും. കുട്ടനാടും ചെങ്ങന്നൂരും ഉൾപ്പെടെ 119 സ്കൂളുകളിൽ വെള്ളമിറങ്ങിയിട്ടില്ല. ഒന്നരമാസത്തോളമായി വെള്ളക്കെട്ടിലായ ഈ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയും നടന്നിട്ടില്ല. ഭൂരിഭാഗം കെട്ടിടങ്ങളും ജീർണാവസ്ഥയിലാണ്. കോട്ടയം എല്ലാ സ്കൂളുകളും ബുധനാഴ്ച തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന 239 സ്കൂളുകളിൽ മിക്കതും ശുചീകരിച്ചു. 52 സ്കൂളുകളിൽ ഇനിയും ക്യാമ്പു പ്രവർത്തിക്കുന്നുണ്ട്. ഇവ ചൊവ്വാഴ്ചയോടെ ഒഴിപ്പിക്കും. പത്തനംതിട്ട 90 ശതമാനം സ്കൂളുകളും ശുചീകരിച്ചു. ചില സ്കൂളുകളിൽ ശൗചാലയങ്ങളും സ്കൂൾ പരിസരവും വൃത്തിയാക്കാനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും കഴിഞ്ഞിട്ടില്ല. അവ ഘട്ടംഘട്ടമായേ പൂർത്തിയാക്കാനാവൂ. പലയിടത്തും പൊടിശല്യമുണ്ട്. മലപ്പുറം ബുധനാഴ്ച തുറക്കുന്നതിന് സ്കൂളുകൾ സജ്ജമായി. ഓണപ്പരീക്ഷ ഇത്തവണ നടക്കാനിടയില്ല. വയനാട് എല്ലാ സ്കൂളുകളും ബുധനാഴ്ച തുറക്കും. കുറിച്യർമല സ്കൂളിൽ ഉരുൾപൊട്ടി വൻതോതിൽ മണ്ണ് അടിഞ്ഞുകൂടിയതിനാൽ ഇവിടെ പ്രവർത്തനം തുടങ്ങാനാകില്ല. പകരം അടുത്തുള്ള മദ്രസ്സയിൽ താത്കാലിക സംവിധാനം ഏർപ്പെടുത്തി. പാലക്കാട് എല്ലാ സ്കൂളുകളും ബുധനാഴ്ച തുറക്കും. പെരുവെമ്പ് ഗവ. ജൂനിയർ ബേസിക് സ്കൂളിന്റെ കെട്ടിടത്തിന് കേടുപാടുകളുണ്ട്. 50 വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ പകരം സംവിധാനമൊരുക്കി. ഇവിടെയുണ്ടായിരുന്ന രണ്ട്, മൂന്ന്, നാല് ക്ലാസുകളുടെ രണ്ട് ഡിവിഷനുകൾ സമീപത്തെ പെരുവെമ്പ് സി.എ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി. ഇടുക്കി 99 ശതമാനം സ്കൂളുകളിലും ബുധനാഴ്ച ക്ലാസ് തുടങ്ങും. പൂർണമായി തകർന്ന ആനവിരട്ടി എൽ.പി. സ്കൂൾ, മുക്കുടം വിജ്ഞാനം എൽ.പി. സ്കൂൾ എന്നിവ പൂർണമായും തകർന്നിരുന്നു. ഇവിടങ്ങളിലെ സ്ഥിതിയെക്കുറിച്ച് ഡി.ഡി.യോട് കളക്ടർ റിപ്പോർട്ട് തേടി. ക്യാമ്പുള്ള സ്കൂളുകളിലും ബുധനാഴ്ച ക്ലാസ് തുടങ്ങാനാണ് ശ്രമം.Please publish modules in offcanvas position.