ഗൂഗിള്‍വഴി ലഭിക്കും ഇനി ഉടനെ വായ്പ
ഗൂഗിള്‍വഴി ലഭിക്കും ഇനി ഉടനെ വായ്പ

ഗൂഗിള്‍വഴി ലഭിക്കും ഇനി ഉടനെ വായ്പ


വായ്പ ലഭ്യമാക്കാൻ ആദ്യഘട്ടത്തിൽ തന്നെ ഫെഡറൽ ബാങ്കും 


 കൊച്ചി: ആഗോള സെർച്ച് എൻജിൻ കമ്പനിയായ ഗൂഗിൾ ഇനി മുതൽ ഇന്ത്യക്കാർക്ക് വായ്പയും ലഭ്യമാക്കും. ഗൂഗിളിന്റെ ഓൺലൈൻ പെയ്‌മെന്റ്‌സ് സേവനത്തിലൂടെയാണ് വായ്പകളും ലഭ്യമാക്കുന്നത്. പെയ്‌മെന്റ്‌സ് ആപ്പിന്റെ പേര് ‘ഗൂഗിൾ തേസ്’ എന്നതിൽനിന്ന് ‘ഗൂഗിൾ പേ’ എന്നാക്കി റീ ബ്രാൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കേരളം ആസ്ഥാനമായ ‘ഫെഡറൽ ബാങ്ക്’ ഉൾപ്പെടെ നാല് ഇന്ത്യൻ ബാങ്കുകളുമായി സഹകരിച്ചാണ് ഇൻസ്റ്റന്റ് കൺസ്യൂമർ ലോൺ ഗൂഗിൾ ലഭ്യമാക്കുന്നത്. ഫെഡറൽ ബാങ്ക് തങ്ങളുടെ ഇടപാടുകാർക്ക് ലഭ്യമാക്കുന്ന ‘ഡിജിറ്റൽ ലോൺ’ ആണ് ഗൂഗിൾ പ്ലാറ്റ്‌ഫോം വഴി നൽകുന്നത്. ഇടപാടുകാരുടെ അർഹത അനുസരിച്ച് പരമാവധി അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾ ലഭ്യമാക്കും. വായ്പത്തുക അനുസരിച്ച് തിരിച്ചടവ് കാലാവധിയിൽ വ്യത്യാസമുണ്ടാകാം. 48 മാസമായിരിക്കും പരമാവധി തിരിച്ചടവ് കാലയളവ്. വ്യക്തിഗത വായ്പയുടേതിനു സമാനമായിരിക്കും പലിശ നിരക്ക്. ഫെഡറൽ ബാങ്ക് ആദ്യമായാണ് ഒരു തേർഡ് പാർട്ടി ഡിജിറ്റൽ മാർക്കറ്റ് പ്ലെയ്‌സ് വഴി വായ്പ ലഭ്യമാക്കുന്നത്. ഫെഡറൽ ബാങ്കിന്റെ ഇടപാടുകാർക്ക് മാത്രമേ വായ്പയ്ക്ക് അർഹതയുണ്ടാവുകയുള്ളൂ. ഫെഡറൽ ബാങ്കിനു പുറമെ, ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളിൽനിന്നുള്ള വായ്പയും ഗൂഗിൾ പേ വഴി ലഭ്യമാകും. ഓൺലൈനിലൂടെ നിമിഷനേരം കൊണ്ട് വായ്പ നേടാൻ ഗൂഗിളിന്റെ സേവനം വഴിവയ്ക്കും. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട് ഫോൺ വിപണിയാണ് ഇന്ത്യ. ഇവിടെ, ടെക്‌നോളജിയുടെ സഹായത്തോടെയുള്ള ധനകാര്യ സേവനങ്ങൾ ഒരുക്കാൻ വൻകിട ടെക് കമ്പനികൾ തയ്യാറെടുക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് വരെ ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്. ഇന്ത്യയിൽ ഡിജിറ്റൽ പെയ്‌മെന്റ്‌സ് വിപണി 2023- ഓടെ ഒരു ലക്ഷം കോടി ഡോളറിന്റേതായി ഉയരുമെന്നാണ് ‘ക്രെഡിറ്റ് സൂയസ് ഗ്രൂപ്പി’ന്റെ അനുമാനം. നിലവിൽ അത് 20,000 കോടി ഡോളറിന്റേതാണ്. ഈ വിപണി പിടിക്കാനാണ് ഗൂഗിൾ പേയിലൂടെ ഗൂഗിളും വാട്‌സ് ആപ്പ് പെയ്‌മെന്റ്‌സിലൂടെ ഫെയ്‌സ്ബുക്കുമൊക്കെ ലക്ഷ്യമിടുന്നത്. പ്രതിമാസം 2.2 കോടിയാളുകൾ ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ട്. 75 കോടി ഇടപാടുകളിലൂടെ രണ്ടു ലക്ഷം കോടി രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ട്.Please publish modules in offcanvas position.