കേരളത്തിന് സഹായം: ലോകബാങ്ക്-എ.ഡി.ബി. സംഘവുമായി ചർച്ച ഇന്ന്
കേരളത്തിന് സഹായം: ലോകബാങ്ക്-എ.ഡി.ബി. സംഘവുമായി ചർച്ച ഇന്ന്

കേരളത്തിന് സഹായം: ലോകബാങ്ക്-എ.ഡി.ബി. സംഘവുമായി ചർച്ച ഇന്ന്


വായ്പ-ഇൻഷുറൻസ് പ്രശ്നങ്ങളിൽ കേന്ദ്ര സഹമന്ത്രിയുമായും ചർച്ച 


 തിരുവനന്തപുരം: പ്രളയത്തിൽ കേരളത്തിനുണ്ടായ നഷ്ടംവിലയിരുത്താൻ ലോകബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും (എ.ഡി.ബി.) സംയുക്തസംഘം കേരളത്തിൽ. നാശനഷ്ടം വിലയിരുത്തി, നൽകാവുന്ന സഹായത്തെപ്പറ്റി സംഘം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചചെയ്യും. കേരളത്തിന്റെ പുനർനിർമാണത്തിന് ഗണ്യമായ സഹായമാണ് ഈ ഏജൻസികളിൽനിന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനും കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ബുധനാഴ്ച തലസ്ഥാനത്ത് എത്തും. ദുരിതബാധിതരുടെ വായ്പ, ഇൻഷുറൻസ് തുടങ്ങിയവയുടെ കാര്യത്തിൽ നയം രൂപവത്കരിക്കുന്നത് ചർച്ചചെയ്യാനാണ് ഇവരെത്തുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. വിവിധ ഇൻഷുറൻസ് കമ്പനികളുടെ മേധാവികളും ഒപ്പമുണ്ട്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും കേന്ദ്രമന്ത്രി ചർച്ച നടത്തും. പ്രളയം രൂക്ഷമാകുന്നതിന് മുമ്പുതന്നെ 19,512 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കേരളം പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക്, എ.ഡി.ബി. സംഘം എത്തുന്നത്. കേരളത്തിന് ഓരോ മേഖലയിലുമുണ്ടായ നഷ്ടം ഇവർ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും സാമ്പത്തികസഹായം. കേന്ദ്ര ധനമന്ത്രാലയം വഴി പലിശകുറഞ്ഞ വായ്പയായിരിക്കും ലഭിക്കുക. ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും പ്രളയമുണ്ടായപ്പോൾ ലോകബാങ്ക്, എ.ഡി.ബി. സംഘങ്ങൾ നാശനഷ്ടം വിലയിരുത്തി സഹായം അനുവദിച്ചിരുന്നു. ഉത്തരാഖണ്ഡിന് മൂവായിരം കോടിയും ജമ്മുകശ്മീരിന് 12,000 കോടിയും ലഭിച്ചു. ഇതേ മാതൃകയിൽ കേരളത്തെയും ഈ ഏജൻസികൾ സഹായിക്കും. ലോകബാങ്ക് കൺട്രി ഡയറക്ടറുടെ ചുമതലയുള്ള ഹിഷാം അബ്ദു, എ.ഡി.ബി.യുടെ ഇന്ത്യ റെസിഡന്റ് മിഷൻ ഡയറക്ടർ കെഞ്ചി യോക്കായാമാ എന്നിവർ നേതൃത്വം നൽകും. വ്യാഴാഴ്ച സംഘം മടങ്ങും. പ്രളയത്തിൽ നാശനഷ്ടമുണ്ടായ ചെറുകിട വാണിജ്യ, വ്യവസായ മേഖലയിൽ വായ്പാ തിരിച്ചടവിന് കൂടുതൽ സാവകാശം നൽകേണ്ടതുണ്ട്. കൂടുതൽ വായ്പകളും ലഭ്യമാക്കണം. ഇൻഷുറൻസ് ക്ലെയിമുകൾ അടിയന്തരമായി തീർപ്പാക്കണം. ഇതുസംബന്ധിച്ച നയം രൂപവത്കരിക്കാനാണ് കേന്ദ്രമന്ത്രിയും സംഘവും എത്തുന്നത്.Please publish modules in offcanvas position.