മരണം ആയിരത്തിലേക്ക്, ഇൻഡൊനീഷ്യ തേങ്ങുന്നു
മരണം ആയിരത്തിലേക്ക്, ഇൻഡൊനീഷ്യ തേങ്ങുന്നു

മരണം ആയിരത്തിലേക്ക്, ഇൻഡൊനീഷ്യ തേങ്ങുന്നു


7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150- ഓളം തുടർചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടു പ്രദേശത്തെ വിഴുങ്ങിയത്. ജക്കാർത്ത: ഇൻഡൊനീഷ്യയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 832 പേർ മരിച്ചതായി സ്ഥിരീകരണം. 540-ലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും വൈസ് പ്രസിഡന്റ് യൂസുഫ് കല്ലയും പറഞ്ഞു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150- ഓളം തുടർചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടു പ്രദേശത്തെ വിഴുങ്ങിയത്. ദ്വീപിൽ മൂന്നര ലക്ഷത്തിലേറെപ്പേർ താമസിക്കുന്ന പാലു നഗരത്തിലാണ് 821 പേർ മരിച്ചതെന്ന് ദുരന്തനിവാരണ ഏജൻസി പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണ് ഈ നഗരം. ആയിരക്കണക്കിന് വീടുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, പള്ളികൾ എന്നിവ തകർന്നു. വീട്‌ നഷ്ടപ്പെട്ടവർ തുടർചലനങ്ങൾ ഭയന്ന് താത്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്. ഡൊംഗ്‌ലയിൽ 11 മരണവും സ്ഥിരീകരിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഇവിടെ മൂന്നുലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഇവിടെ പലസ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. ‘ഡോംഗ്‌ലയിലെ നാശനഷ്ടം ഇതുവരെ വിലയിരുത്താനായിട്ടില്ല. ഇത് ഏറെ ആശങ്കയുയർത്തുന്നുണ്ട്’ -വൈസ് പ്രസിഡന്റ് യൂസുഫ് കല്ല പറഞ്ഞു. റോഡുകളും നഗരത്തിലെ പ്രധാനപാലവും തകർന്നതോടെ മേഖലയിൽ ഗതാഗതം നിലച്ചു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഭക്ഷണവും മരുന്നുമൊന്നും എത്തിക്കാൻ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തിൽ അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങൾക്കു മാത്രം ഇറങ്ങാൻ അനുമതി നൽകി. ആശുപത്രി കെട്ടിടങ്ങൾ തകർന്ന സാഹചര്യത്തിൽ തുറസ്സായ പ്രദേശങ്ങളിലാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇൻഡൊനീഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്ങും മൃതദേഹങ്ങൾ കടൽത്തീരത്ത് മണലിൽ പൂണ്ട നിലയിലാണ് നൂറുകണക്കിന് മൃതദേഹം കണ്ടെത്തിയത്. ഒട്ടേറേപ്പേർ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാവാമെന്നാണ് ഭയക്കുന്നത്. ദുരന്തത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിലും എത്രയോ അധികമാണെന്ന്‌ ദുരന്തനിവാരണ ഏജൻസി വക്താവ് സുടോപോ പുർവൊ നുഗ്രോഹോ പറയുന്നു. മിനിറ്റുകൾക്കുള്ളിലാണ് മരണസംഖ്യ ഉയരുന്നത്. കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിലെല്ലാം മൃതദേഹങ്ങൾ കിടക്കുന്നു. ഡൊംഗ്‌ല, സിഗി, ബൗട്ടൊങ് എന്നിവിടങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനുമാവുന്നില്ല. ആറുമീറ്റർ ഉയരത്തിൽ രാക്ഷസത്തിരമാലകളെത്തിയ പാലുനഗരം പൂർണമായി തകർന്നു. ഇവിടെ കടൽത്തീരത്ത് മണ്ണിൽ പുതഞ്ഞനിലയിൽ ഒട്ടേറേ മൃതദേഹം കണ്ടെത്തി. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തതായും സുടോപോ പറഞ്ഞു.Please publish modules in offcanvas position.