150+ സ്കോറുകളുടെ ‘ആറാം തമ്പുരാൻ’, രോഹിത്; ‘സെഞ്ചുറിത്തോഴൻ’ കോഹ്‍ലി
150+ സ്കോറുകളുടെ ‘ആറാം തമ്പുരാൻ’, രോഹിത്; ‘സെഞ്ചുറിത്തോഴൻ’ കോഹ്‍ലി

150+ സ്കോറുകളുടെ ‘ആറാം തമ്പുരാൻ’, രോഹിത്; ‘സെഞ്ചുറിത്തോഴൻ’ കോഹ്‍ലി


ഗുവാഹത്തി∙ റൺമഴയ്ക്കൊപ്പം റെക്കോർഡ് മഴയ്ക്കും സാക്ഷ്യം വഹിച്ചാണ് ഇന്ത്യ – വെസ്റ്റ് ഇൻ‌ഡീസ് ഒന്നാം ഏകദിനത്തിനു ശേഷം ഗുവാഹത്തി ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽനിന്ന് ആരാധകർ മടങ്ങിയത്. ഏകദിനങ്ങളിൽ രോഹിത് ശർമ വലിയ സ്കോറുകളുടെ തമ്പുരാനായി മാറുന്ന കാഴ്ചയായിരുന്നു അതിലൊന്ന്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി സെഞ്ചുറികളുടെ തോഴനായി സ്വയം ഉറപ്പിക്കുന്നതും ഗുവാഹത്തിയിൽ കണ്ടു. 117 പന്തിൽ 15 ബൗണ്ടറികളും എട്ടു സിക്സും സഹിതം രോഹിത് 152 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, 107 പന്തുകൾ നേരിട്ട കോഹ്‍ലി 21 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 140 റൺസാണെടുത്തത്. ഇതോടെ, ഏകദിനത്തിൽ ആറാം തവണയാണ് രോഹിത് 150 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത്. അഞ്ചു തവണ 150 പിന്നിട്ട സച്ചിൻ തെൻഡുൽക്കറിനെയാണ് രോഹിത് ഇക്കാര്യത്തിൽ പിന്നിലാക്കിയത്. നാലു തവണ വീതം 150 കടന്ന ശ്രീലങ്കൻ താരം സനത് ജയസൂര്യ, വിൻഡീസിന്റെ ക്രിസ് ഗെയ്‍ൽ, ഓസീസിന്റെ ഡേവിഡ‍് വാർണർ, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവരെല്ലാം രോഹിതിനു പിന്നിൽ മൂന്നാം സ്ഥാനത്തു മാത്രം. മാത്രമല്ല ഏകദിനത്തിൽ ഏറ്റവും കൂടുതൽ 150+ സ്കോറുകൾക്കു പുറമെ ഏറ്റവും കൂടുതൽ 200+ സ്കോറുകളും (മൂന്ന്), 250+ സ്കോറും (ഒന്ന്) രോഹിതിന്റെ പേരിലായി. ഏകദിനത്തിൽ 36–ാം സെഞ്ചുറി പൂർത്തിയാക്കിയ കോഹ്‍ലിയാകട്ടെ, സാക്ഷാൽ സച്ചിൻ െതൻഡുൽക്കറിന്റെ 49 സെഞ്ചുറികളുടെ റെക്കോർഡിന് ഒരു പടികൂടി അടുത്തെത്തി. തകർക്കാനാകാത്ത റെക്കോർഡ് എന്ന് ഒരു കാലത്ത് കരുതപ്പെട്ടിരുന്ന സച്ചിന്റെ സെഞ്ചുറി റെക്കോർഡാണ് നിലവിലെ സാഹചര്യത്തിൽ കോഹ്‍ലിയുടെ കുതിപ്പിനു മുന്നിൽ കനത്ത ഭീഷണിയിലായത്. സച്ചിന്റെ റെക്കോർഡിന് 13 സെഞ്ചുറികൾ മാത്രം അകലെയാണ് നിലവിൽ കോഹ്‍ലി. 2018ൽ മാത്രം കോഹ്‍ലി എട്ട് ഏകദിന സെഞ്ചുറികൾ നേടിയതു കണക്കിലെടുക്കുമ്പോൾ ഈ റെക്കോർഡ് കയ്യകലെയുണ്ടെന്ന് ന്യായമായും കരുതാം. മാത്രമല്ല, ഏകദിനത്തിൽ 36 സെഞ്ചുറി പൂർത്തിയാക്കാൻ സച്ചിന് 311 ഇന്നിങ്സുകൾ വേണ്ടിവന്നു. കോഹ്‍ലിക്ക് ഇതിന് വേണ്ടിവന്നതോ, വെറും 204 ഇന്നിങ്സുകളും!Please publish modules in offcanvas position.